ഈ പാലവും കടന്ന്... ഇത് കുറ്റ്യാടിപ്പാലം. "നമ്മുടെ നിലനില്‍പ്പിന് പ്രകൃതിയെ സംരക്ഷിക്കുക" എന്ന കേരള വനം വകുപ്പ് കുറ്റ്യാടി റെയിഞ്ചിന്റെ സന്ദേശവും വഹിച്ചുകൊണ്ടുള്ള ഫലകമാണ് ഇടതു വശത്തായി കാണുന്നത്.
കുറ്റ്യാടിപ്പാലത്തിന്റെ ഇടതു വശത്ത് നിന്നുമുള്ള കാഴ്ച
മുക്കണ്ണാം കുഴിക്കും പറയാനുണ്ടാവും ഒരുപാട്... നമ്മളിപ്പൊള്‍ നില്‍ക്കുന്നതിന്റെ തൊട്ടു താഴെ അതിഭീകരമായ ഒരു കുഴി ഉണ്ടായിരുന്നു പോലും; "മുക്കണ്ണാം കുഴി" എന്നായിരുന്നു പഴമക്കാര്‍ അതിനെ വിളിച്ചിരുന്നത്. അതില്‍ ചാടി ഇഹലോകവാസമവസാനിപ്പിച്ച ആനകള്‍ക്ക് കണക്കില്ലാത്രേ... !!
കൊയിലോത്തും കടവിലൂടെ... ആ കാണുന്നത് ഒരു കുളിക്കടവാണ്; "കൊയിലോത്തും കടവ്" എന്നു പേര്‍. കുറ്റ്യാടിയിലെ മര വ്യവസായത്തിന്റെ കേന്ദ്രം. പത്തുമുപ്പത് കൊല്ലം പിന്നിലേക്കു പോയാല്‍ നമുക്കവിടെ ഒഴുകി നടക്കുന്ന മരത്തടികളും ചങ്ങാടങ്ങളും കൂടെ വിയര്‍പ്പൊഴുക്കുന്ന, സ്നേഹിക്കാന്‍ മാത്രമറിയാവുന്ന കുറേ പച്ച മനുഷ്യരെയും കാണാം. ചരിത്രങ്ങളൊരുപാട് അവിടെയും കിടന്നുറങ്ങുന്നുണ്ട്...
പയ്യന്മാര്‍ നീരാടും ഇടം...വലതുവശത്ത് പാലത്തിനു തൊട്ടു താഴെയായി പയ്യന്മാരുടെ വിസ്തരിച്ചുള്ള ഒരു കുളി. ദൂരെയേതോ ദേശത്തു നിന്നും വന്ന് കുറ്റ്യാടിയില്‍ താമസിച്ചു പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥി ഇവിടെയെവിടെയോ ആയിരുന്നു മുങ്ങി മരിച്ചത്...
എല്ലാമറിഞ്ഞും ഒന്നുമറിയാതെ ശാന്തമായൊഴുകുന്ന കുറ്റ്യാടിപ്പുഴ...
ശുദ്ധജല വിതരണ കേന്ദ്രം...ദൂരെ ഇടതുവശത്തായി വൃത്താകൃതിയില്‍ കാണുന്ന കെട്ടിടമാണ് കുറ്റ്യാടിപ്പഞ്ചായത്തിന്റെ ശുദ്ധജല വിതരണ കേന്ദ്രം. ഭീമാകാരമായ ഒരു കിണറ്റിന്റെ മുകളിലാണാ കെട്ടിടം നിലകൊള്ളുന്നത്. പഞ്ചായത്തിലുള്‍പെട്ട സമീപസ്ഥലങ്ങളിലെ വെള്ളമെത്താത്ത കുന്നിന്‍പുറങ്ങളില്‍ താമസിക്കുന്നവര്‍ക്കും മറ്റും ഈ കുടിവെള്ളം വലിയൊരനുഗ്രഹമാണ്...
പാലം കടക്കുവോളം... ഒരിക്കല്‍ കുറ്റ്യാടിപ്പോലീസ് ഒരു കള്ളന്റെ പിന്നാലെ ഈ പാലത്തിലൂടെ ഓടുകയായിരുന്നു, പാലം കഴിഞ്ഞതും കള്ളന്റെ ഭാവം മാറി. ഇനിയെന്നെ തൊട്ടാല്‍ വിവരമറിയും എന്നായി കള്ളന്‍. സ്റ്റേഷന്‍ പരിധി പാലം അവസാനിക്കുന്നതോടെ കഴിഞ്ഞൂവെന്ന കാര്യം അപ്പോഴാണു നമ്മുടെ പോലീസേമാന്ന് ഓടിയത്. പരിധിക്കപ്പുറത്തുള്ള കള്ളനെ പിടിച്ചാലുണ്ടാവുന്ന പുകിലുകളോര്‍ത്ത് പോലീസേമാന്‍ പതുക്കെ തിരിച്ചു നടന്നു, കള്ളന്‍ നേരെ മുന്നോട്ടും. നമ്മുടെ കള്ളന്‍ മനസില്‍ വിചാരിച്ചു കാണും ഞാനാരാ മോന്‍...
ഈ പാലത്തിന്റെ അക്കരെയുള്ള സ്ഥലം "ചെറിയകുമ്പളം" എന്ന പേരില്‍ അറിയപ്പെടുന്നു. അവിടെത്തന്നെ "വലിയകുമ്പളം" എന്ന സ്ഥലവും ഉണ്ടെന്നാണറിവ്. പാറക്കടവ്, വടക്കുമ്പാട്, പാലേരി എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് കടിയങ്ങാട് എത്തിയാല്‍ അവിടെനിന്നും ഇടത്തുഭാഗത്തോട്ടുള്ള റോഡിലൂടെ "പെരുവണ്ണാമുഴി" എന്ന പേരില്‍ അറിയപ്പെടുന്ന കുറ്റിയാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അണക്കെട്ട് സ്തിഥി ചെയ്യുന്ന സ്ഥലത്തേക്കെത്തിച്ചേരുന്നു...
പെരുവണ്ണാമുഴി അണക്കെട്ട് - ഉപഗ്രഹ കാഴ്ച